2020-05-26 UNNI JEYES
മേരിക്കൻ സുരക്ഷാ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗൺ കഴിഞ്ഞ ഏപ്രിൽ 26 നു മൂന്നു വീഡിയോ ഫൂട്ടേജുകൾ പുറത്ത് വിട്ടു. 2004 ലും 2015 ലും അമേരിക്കൻ നാവിക സേനയുടെ എയർ ക്രാഫ്റ്റ് പൈലറ്റുമാർ കാണാനിടയായ ചില ആകാശക്കാഴ്ച്ചകളാണ് മൂന്നു വിഡിയോയിലും ഉള്ളത്. കൂടുതൽ പഠനങ്ങൾ നടത്തിവന്ന വീഡിയോ പൊതുസമൂഹത്തിൽ നിന്നും മറച്ചു വെച്ചിരുന്നു. അവ ufo (unidentified flying object) ആണെന്നും അന്യഗ്രഹ ജീവികൾ ഭൂമിയിൽ സന്ദർശനം നടത്തുന്നതാണെന്നും അഭ്യൂഹങ്ങൾക്കിടയാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പഠനങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് പെന്റഗൺ വീഡിയോ പുറത്തുവിട്ടത്. ഇവയെ UAP (UNIDENTIFIED AERIAL PHENOMINA) എന്നാണു അവർ വിശേഷിപ്പിച്ചത്. ആകാശത്തിൽ ദൃശ്യമായ മനസ്സിലാക്കാൻ സാധിക്കാത്ത ഒരു പ്രതിഭാസമായാണ് അവർ അവയെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എന്ത് തന്നെയായാലും ഇവ പുറത്തുവിട്ടതോടുകൂടി അന്യഗ്രഹ ജീവികളെ സംബന്ധിച്ചുള്ള ചർച്ചകളും കിംവദന്തികളും വളരെയേറെ സജീവമായിരിക്കുന്നു.
എല്ലാവരിലും ഈയൊരു സാഹചര്യത്തിൽ ഉയർന്നുവരുന്ന ചോദ്യമായിരിക്കും അന്യഗ്രഹ ജീവികൾ എവിടെയാണുള്ളതെന്ന്. അതോ വിശാലമായ ഈ പ്രപഞ്ചത്തിൽ ജീവൻ എന്ന പ്രതിഭാസം ഭൂമിയിൽ മാത്രമാണോ ഉള്ളത്. 400 ബില്യൺ നക്ഷത്രങ്ങളും അവയെ ചുറ്റുന്ന അനേകം ഗ്രഹങ്ങളും ഉള്ള ക്ഷീരപഥത്തിലെ തീർത്തും അപ്രസക്തമായ ഒരു ഗ്രഹത്തിൽ മാത്രം ജീവൻ നിലനിൽക്കുക എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. അന്യ ഗ്രഹ ജീവികൾ എവിടെയാണ്. 1950 ൽ എന്റിക്കോ ഫെർമി ചോദിച്ച ഈ ചോദ്യം ഇന്നും കൃത്യമായ ഉത്തരമില്ലാതെ കുഴക്കുന്ന. 1954 ൽ ഫെർമി അന്തരിച്ചു.
ഫെർമിയുടെ മരണത്തിനു ശേഷം പഠനങ്ങളുടെ പ്രസിദ്ധീകരണം നടത്തിയത് മൈക്കൽ ഹാർട്ട് ആണ്. അദ്ദേഹം 1975 ൽ എഴുതിയ ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ അഭാവത്തിനുള്ള വിശദീകരണം (an explanation for the absence of extraterrestrials on earth) എന്ന ഒരു ലേഖനത്തിൽ ഭൂമിയോളം പുരോഗതി പ്രാപിച്ച ജനത നമ്മുടെ ഗാലക്സിയിൽ വേറെ ഇല്ല എന്ന് വാദിച്ചു. അദ്ദേഹത്തിന്റെ പഠനത്തിലൂടെ എന്തുകൊണ്ട് ഭൂമിയിൽ അന്യഗ്രഹ ജീവന്റെ സാന്നിധ്യമില്ല എന്ന് വാദിക്കുന്ന പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്.
1. ഭൗതികമായ പരിമിതികൾ മൂലം നക്ഷത്രാന്തര യാത്രകൾ സാധിക്കാത്തതിനാൽ അന്യഗ്രഹ ജീവികൾ വന്നിട്ടില്ല. ഇത് നക്ഷത്രാന്തര യാത്രകൾക്ക് പദ്ധതിയിടുന്ന മനുഷ്യനും ബാധകമായിരിക്കാം.2. അവർ ഭൂമിയിലേക്ക് വരേണ്ടതില്ല എന്ന് തീരുമാനിക്കുകയും മറഞ്ഞിരിക്കുകയും ചെയ്യുന്നു.3. അന്യഗ്രഹ ജീവികൾ വളരെ അടുത്തകാലത്ത് മാത്രം പുരോഗതി നേടിയതായിരിക്കാം.4. മനുഷ്യന്റെ വരവിനു മുൻപ് തന്നെ അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുകയും കടന്നു പോവുകയും ചെയ്തിരിക്കാം.
അദ്ദേഹത്തിന്റെ പഠനങ്ങൾക്ക് ശേഷവും അന്യഗ്രഹ ജീവന്റെ അന്വേഷണങ്ങൾ കൂടുതൽ ജനശ്രദ്ധ നേടി. ജീവൻ നിലനിൽക്കാൻ അനുകൂല സാഹചര്യമുള്ള ഗ്രഹങ്ങളുടെ കണ്ടെത്തലെല്ലാം അതിനു ഊർജം പകരുന്നു.
1980 ൽ അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്തുകൊണ്ട് ഫ്രാൻക് ടൈപ് ലർ തന്റെ പഠനവുമായി മുന്നോട്ടു വന്നു. അദ്ദേഹം മൈക്കൽ ഹാർട്ടിന്റെ നിഗമനങ്ങളെ പിന്തുണച്ചു.
ജീവൻ ഉടലെടുക്കുന്ന പ്രതിഭാസം വളരെ സങ്കീർണ്ണമായ ഒന്നാണ്. എല്ലാ ഗ്രഹങ്ങൾക്കും അതിനാവശ്യമായ കടമ്പകൾ കടക്കാനാകില്ല. അതായത് ഒരുപാട് തിരഞ്ഞെടുപ്പുകളിലൂടെയാണ് ഒരു ഗ്രഹത്തിൽ ജീവൻ ഉത്ഭവിക്കാനും അവ നിലനിൽക്കാനും സാധിക്കുന്നത്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തരം കടമ്പകൾ ഇനിയും മുന്നിലുണ്ടാകാം. കൂടുതൽ സങ്കീർണമായ അവ ഒരുപക്ഷെ ഭഹുമിയിലെ ജീവനും ഇല്ലാതാക്കാം.
ഇന്ന് ജനശ്രദ്ധ ആകർഷിക്കുന്ന, അനവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മേഖലയായി അന്യഗ്രഹ അന്യഗ്രഹ ജീവന്റെ അന്വേഷണം മാറിയിരിക്കുന്നു. ഓരോ പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലും പ്രത്യാശ നൽകുന്നു. എന്നാൽ അന്യഗ്രഹ ജീവികളുടെ ബന്ധപ്പെടാനുള്ള ശ്രമം അപകടമാണെന്നാണ് വിഖ്യാത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിങ്‌സ് അഭിപ്രായപ്പെട്ടത്. വസ്തുതകളേക്കാൾ കെട്ടിച്ചമച്ച കഥകളാണ് ഈ വിഷയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കുന്നത്. പ്രപഞ്ചത്തിൽ താൻ ഒറ്റക്കല്ലെന്ന് മനുഷ്യൻ വിശ്വസിക്കട്ടെ. ആസന്നഭാവിയിൽ തന്നെ ശാസ്ത്രീയമായ തെളിവുകളുടെ ലഭ്യതക്ക് ഇടയുണ്ട്. അത് ശാസ്ത്രത്തിന്റെ ചക്രവാളം ബൃഹത്തായി തീർക്കുമെന്നതിൽ സംശയമില്ല.