2020-05-05 By Admin
ഭാവിയെക്കുറിച്ചുള്ള വേവലാതികൾ എന്നും മനുഷ്യനെ അലട്ടിയിട്ടേയുള്ളൂ.അതുകൊണ്ടു തന്നെ ഭാവി പ്രവചിക്കുക എന്നത് അതിതീവ്രമായ ആഗ്രഹമായി എന്നും മനുഷ്യനിൽ നിലകൊള്ളുന്നു.ശാസ്ത്ര, പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്താനും വിശദീകരിയ്ക്കാനും ശ്രമിക്കുമ്പോൾ തന്നെ, വരുംകാലങ്ങളിൽ ഉണ്ടാകാനിടയുള്ള പ്രതിഭാസങ്ങൾ പ്രവചിക്കാനും ശ്രമിക്കുന്നു. ന്യൂട്ടന്റെ സമവാക്യങ്ങൾ ഒരു വസ്തുവിന്റെ ഇപ്പോഴത്തെ സ്ഥാനത്ത് നിന്നും ഒരു നിശ്ചിത സമയത്തെ സ്ഥാനം നിർണയിക്കാൻ സഹായകമാണ്. അതിനാൽ പ്രപഞ്ചത്തിന്റെ അവസ്ഥാന്തരങ്ങൾ കൃത്യമായി കണക്കാക്കാം എന്ന് തന്നെ മനുഷ്യൻ കരുതിപ്പോന്നു. എന്നാൽ എല്ലായ്‌പ്പോഴും ശാസ്ത്ര ലോകത്തെ പ്രതിഭാസങ്ങൾ നമുക്ക് കൃത്യമായി കണക്കുകൂട്ടാൻ കഴിയാതെ വരുന്നു. ഉദാഹരണത്തിന് കാലാവസ്ഥാപ്രവചനങ്ങൾ പലപ്പോഴും കൃത്യത പാലിക്കാത്തത് നമ്മൾ കാണുന്നതാണ്. എന്തുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്?
'അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ്' എന്ന സംഘടനയുടെ 139 ആം സമ്മേളനത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞനായ എഡ്വേർഡ് ലോറൻസ് ഒരു ചോദ്യം ഉന്നയിച്ചു. ബ്രസീലിലെ ഒരു ചിത്ര ശലഭത്തിന്റെ ചിറകടികൾ ടെക്‌സാസിലൊരു കൊടുങ്കാറ്റിന് തന്നെ കാരണമാകാമോ?
ഇത്തരമൊരു ചോദ്യം കൊണ്ട് അദ്ദേഹം അർഥമാക്കിയത് സങ്കീർണമായ പ്രതിഭാസങ്ങളിൽ പ്രഥമാവസ്ഥയിലുണ്ടാവുന്ന നേരിയ വ്യതിയാനങ്ങളിൽ പോലും തുടർ ഫലങ്ങളിൽ ഭീമമായ മാറ്റം കാണാനാകും എന്നതാണ്.
കാലാവസ്ഥാ നിരീക്ഷണങ്ങളുടെ ബലമായി അദ്ദേഹം രൂപീകരിച്ച ആറ് സമവാക്യങ്ങളുടെ ഉത്തരങ്ങളിൽ വന്ന വ്യാത്യാസങ്ങളാണ് അദ്ദേഹത്തെ ഈ ചിന്തയിലേക്ക് നയിച്ചത്. ദുർബലമായ സംവിധാനങ്ങളിൽ നേരിയ മാറ്റങ്ങൾ പോലും അപ്രതീക്ഷിതമായ ഫലങ്ങൾ സൃഷ്ടിക്കും. ഈ ആശയമാണ് കെയോസ് തിയറി (chaos theory )യുടെ അടിസ്ഥാനം.
എഡ്വേർഡ് ലോറൻസ് തന്റെ ആശയം കൊണ്ട് വെല്ലുവിളിച്ചത് പ്രപഞ്ചത്തിൽ അപ്രവചനീയതക്ക് സ്ഥാനമില്ലെന്ന് വാദിച്ച പിയറി സൈമൺ ലാപ്‌ളേസിനെയാണ്. ലഭ്യമായ വിവരങ്ങൾക്ക് അനുസരിച്ച് കൃത്യമായ പ്രവചനങ്ങൾ നടത്താമെങ്കിലും മറഞ്ഞിരിക്കുന്ന ചരങ്ങൾ ഓരോ പ്രവചനത്തിന്റെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നു. ഇതേ അവസ്ഥയാണ് കാലാവസ്ഥാ പ്രവചനത്തിൽ സംഭവിക്കുന്നത്. നേരിയ മർദ്ദ വ്യത്യാസം പോലും പ്രകടമായ കാലാവസ്ഥാ മാറ്റത്തിന് ഇടയാക്കുന്നു. ഇത് ശാസ്ത്ര പ്രവചനങ്ങളുടെ പരിധിയും കൃത്യതയും കണക്കാക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരത്തിൽ കടന്നുവരുന്ന വ്യതിയാനങ്ങളുടെ പ്രത്യേകത എന്തെന്നാൽ, അവ ആവർത്തിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ്. ന്യൂട്ടന്റെ സമവാക്യങ്ങളിൽ രണ്ടു വസ്തുക്കൾ തമ്മിലുള്ള ബലം കണ്ടെത്താനാകും. എന്നാൽ മൂന്നോ അതിലധികമോ വസ്തുക്കൾ തമ്മിലുള്ള ഭൗതിക ബന്ധം കണ്ടെത്താൻ സാധിക്കില്ല. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള ആകർഷണം മനസ്സിലാക്കാനായാലും സൂര്യനും ഭൂമിയും ചന്ദ്രനും ചേർന്നുള്ള വ്യൂഹത്തിന്റെ ചലനം നിർവചിക്കുക തികച്ചും പ്രയാസമേറിയതായിരിക്കും.
ആധുനിക ശാസ്ത്രത്തിലേക്ക് കടന്നുവരുമ്പോൾ ക്വാണ്ടം ബലതന്ത്രവും ആപേക്ഷികതാ സിദ്ധാന്തവും നിശ്ചയ വാദത്തിന് പലപ്പോഴും തടസ്സമുണ്ടാക്കുന്നുണ്ട്. ഹെയ്‌സൺ ബർഗിന്റെ അനിശ്ചിതത്വ വാദം ഒരു കണത്തിന്റെ സ്ഥാനവും പ്രവേഗവും ഒരേ സമയം കൃത്യമായി അളക്കുന്നതിന് അനുവദിക്കുന്നില്ല. അതുപോലെ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച് കേവല സമയം എന്നൊന്നില്ലാത്തതിനാൽ ഓരോ നിരീക്ഷകന്റെയും സ്ഥലകാല മാനങ്ങൾ പരിഗണിക്കേണ്ടി വരുന്നു. അതുപോലെ സിംഗുലാരിറ്റിയിൽ സമയം ഇല്ലാതാവുന്നു.
അനിശ്ചിതത്വ വാദം നിശ്ചയവാദത്തിനും ഭാവി പ്രവചനത്തിനും പൂർണമായും ഭീഷണിയല്ല. ക്വാണ്ടം ബലതന്ത്രത്തിൽ ഒരു കണത്തിന്റെ സ്ഥാനവും പ്രവേഗവും കൃത്യമായി നിർവചിക്കാനാവില്ലെങ്കിലും തരംഗ ഫലനം ( wavefunction ) ഉപയോഗിച്ച് അതിന്റെ അവസ്ഥയെ വിശദീകരിക്കാൻ ഷ്രോഡിങ്ങർ സമവാക്യം സഹായിക്കുന്നു. ഓരോ ബിന്ദുവിലും തരംഗ ഫലനത്തിന്റെ വിതരണം അനുസരിച്ച് അതിന്റെ അവസ്ഥയുടെ സംഭവ്യത പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വസ്തുവിന്റെ ആപേക്ഷികത പരിഗണിക്കുകയാണെങ്കിൽ നിരീക്ഷകനനുസരിച്ചുള്ള സമയക്രമം പരിഗണിച്ച ആ സമയത്തിലുള്ള ഭാവിയിലെ തരംഗ ഫലനം കണ്ടെത്താവുന്നതാണ്.
സമകാലീന പഠനങ്ങളിൽ നിന്നും ശാസ്ത്ര പ്രവചനങ്ങൾക്ക് കാലത്തിന്റേതായ ഒരു പരിധിയുണ്ടെന്ന് മനസ്സിലാക്കാം. അതിൽ കൂടുതൽ കൃത്യമായ പ്രവചനങ്ങൾക്ക് കൂടുതൽ കൃത്യമായ നിരീക്ഷണ ഫലങ്ങൾ ആവശ്യമാണ്. നിരന്തരമായ ശാസ്ത്ര ഗവേഷണങ്ങൾ ഭൗതിക മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നത് കൊണ്ട് ശാസ്ത്ര പ്രവചനങ്ങളുടെ നിലനില്പിൽ സംശയിക്കേണ്ടതില്ല.