2020-01-20 By Admin
മുഖക്കുരു തിങ്ങി നിറഞ്ഞ മുഖം മിക്ക ആളുകളുടെയും വലിയ പ്രശ്നമാണ്. മുഖ സൗന്ദര്യത്തെ ഹനിക്കുന്നതാണ് ഇത്തരം മുഖക്കുരു. മാത്രമല്ല മുഖക്കുരു വന്ന് പോയതിന് ശേഷമുള്ള കറുത്ത പാടുകൾ ഏറെ കാലം നിലകൊള്ളുന്നതും സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. ഇതിനായി മാർക്കറ്റിൽ സുലഭമായ സൗന്ദര്യ-വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് പലരും.
എന്നാൽ ഇതുകൊണ്ട് മുഖക്കുരു മാറുകയുമില്ല മുഖം പഴയതിലും വികൃതമാകുകയും ചെയ്യും. പ്രകൃതി വസ്തുക്കളിൽ നിന്ന് തന്നെ ഇതിന് പരിഹാരം കാണാം. പാടുകളകറ്റാനും മുഖക്കുരു വരാതെ നോക്കാനും ഇതാ പത്ത് മാർഗങ്ങൾ.
1. ചെറുനാരങ്ങ മുറിച്ച് മുഖക്കുരുവിൽ ഉരസുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് മുഖക്കുരുവുണ്ടാക്കുന്ന ബാക്റ്റീരിയയെ നശിപ്പിക്കും.
2. ഉലുവ വെള്ളത്തിൽ കുതിർത്ത ശേഷം അരച്ച് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് മുഖക്കുരു മാറ്റി മുഖത്തിന് മൃദുത്വം വർദ്ധിക്കുന്നതിന് കാരണമാകും.
3. പഴങ്ങളുടെയും പച്ചക്കറിയുടെയും ഉപയോഗം മുഖക്കുരുവിനെ അകറ്റും. ഇതിലടങ്ങിയ ധാതുലവണങ്ങൾ ബാക്ടീരിയയെ അകറ്റി മുഖം തിളങ്ങുന്നതിന് കാരണമാകും. പഴങ്ങൾ കൂടുതൽ കഴിക്കുന്നത് ജലാംശം ശരീരത്തിൽ നിലനിർത്തും.
4. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പതിവാക്കുക. ചർമ്മത്തിന് മൃദുത്വം നിലനിർത്തുന്നതിന് വെള്ളം സഹായകമാകും.
5. മുഖക്കുരു വേദനയുണ്ടാക്കുന്നെങ്കിൽ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിൽ അൽപ്പനേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
6. എരിവ്, എണ്ണ, പുളി, മധുരം എന്നിവ ഭക്ഷണത്തിൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. എണ്ണയുടെ അളവ് കൂടുമ്പോഴാണ് മുഖക്കുരു കൂടുതലായും പ്രത്യക്ഷപ്പെടുക.
7. മുഖക്കുരു വന്ന പാടുകൾ അവശേഷിക്കുന്നെങ്കിൽ ആ ഭാഗത്ത് വളരെ പതുക്കെ മസ്സാജ് ചെയ്ത് കൊടുക്കാം. ഇത് രക്തയോട്ടം വർദ്ധിപ്പിച്ച് പാടുകളകറ്റി മുഖം തിളക്കമുള്ളതാക്കി തീർക്കും.
8. കരിക്കിൻ വെള്ളത്തിൽ രാവിലെ മുഖം കഴുകുന്നത് പതിവാക്കുക. ഇത് ചർമ്മം സുന്ദരമാകാൻ സഹായിക്കും.
9. ശുദ്ധമായ തേൻ കുടിക്കുന്നതും മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിനെ ഇല്ലാതാക്കാൻ ഗുണം ചെയ്യും. മുഖത്ത് പുരട്ടുമ്പോൾ കൺപീലിയിലും പുരികത്തും തേനിന്റെ അംശം പകരാതിരിക്കാൻ ശ്രദ്ധിക്കണം. പകർന്നാൽ പീലികൾ നര വന്നതായി കാണപ്പെടും.
10. കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടുന്നത് ശീലമാക്കാം. ഇത് മുഖക്കുരുവിനെയും കറുത്ത പാടുകളെയും അകറ്റി ചർമ്മം സംരക്ഷിക്കുന്നതിന് കാരണമാകും.