2021-11-21 By Admin
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഗുവില്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ സമരരീതികളും യോഗത്തില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് സിംഗുവില്‍ യോഗം ചേരുന്നത്.
പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കര്‍ഷക സംഘടനകളുടെയും നിലപാട്. ഇന്നലെ കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു. മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.