2021-11-19 By Admin
ജൊഹാനാസ്ബർഗ്: സമകാലിക ക്രിക്കറ്റിൽ ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച താരങ്ങളിലൊരാളായ എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018ൽത്തന്നെ വിരമിച്ച ഡിവില്ലിയേഴ്സ്, എല്ലാത്തരത്തിലുമുള്ള ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) ‘ഡിവില്ലിയേഴ്സ് ഷോ’ ഇനിയുണ്ടാകില്ലെന്ന് ഉറപ്പായി. ഐപിഎലിൽ വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്സ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി മുപ്പത്തേഴുകാരനായ താരം പ്രഖ്യാപിച്ചത്. 17 വർഷത്തോളം നീളുന്ന വർണാഭമായ കരിയറിനാണ് ഇതോടെ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇടക്കാലത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് പരിഗണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം നിമിത്തമുണ്ടായ സാഹചര്യങ്ങളാൽ അത് യാഥാർഥ്യമായില്ല. ഇതിനു പിന്നാലെയാണ് സജീവ ക്രിക്കറ്റ് വിടാനുള്ള താരത്തിന്റെ തീരുമാനം.