2021-11-02 By Admin
ഷാര്‍ജ: 2021 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെടുകയും പവര്‍പ്ലേയില്‍ ബാറ്റിങ് തകര്‍ന്ന് 10 ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പതറുകയും ചെയ്ത ശേഷം മാന്യമായ സ്‌കോറില്‍ എത്തി പിന്നീട് എതിരാളികളെ എറിഞ്ഞൊതുക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 19 ഓവറില്‍ 137ന് പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ബട്‌ലറാണ് കളിയിലെ കേമനും. ഓപ്പണര്‍ ജെയ്‌സന്‍ റോയ് (9), മധ്യനിര താരങ്ങളായ ഡേവിഡ് മലാന്‍ (6), ജോണി ബെയര്‍സ്‌റ്റോ(0) എന്നിവരെ നഷ്ടമായി 5.2 ഓവറില്‍ മൂന്നിന് 35 എന്ന നിലയില്‍ പതറിയിടത്തു നിന്ന് ബട്‌ലര്‍നായകന്‍ ഓയിന്‍ മോര്‍ഗന്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.