2021-11-19 By Admin
കൊച്ചി: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണ്‍ ചോദിച്ചത്. ഈ ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തുടരുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
പിങ്ക് പൊലീസിന്റെ അതിക്രമത്തിനിരയായ പെണ്‍കുട്ടി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് സിവിൽ പൊലീസ് ഓഫീസർ രജിത പരസ്യവിചാരണ നടത്തിയത്. അച്ഛനെയും മകളെയും പൊതുനിരത്തിൽ മണിക്കൂറുകളോളം പൊലീസുകാരി പരസ്യവിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീട് മോഷണം പോയെന്നു അവകാശപ്പെട്ട ഫോണ്‍ പൊലീസ് വാഹനത്തിൽ നിന്നു കണ്ടെത്തിയിട്ടും ഇവർ അച്ഛനോടും മകളോടും മാപ്പു പറയാന്‍ തയാറായില്ല.