2021-09-09 By Admin
തിരുവനന്തപുരം: കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോവയില്‍ സാന്നിദ്ധ്യമുള്ള ആഗോള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനിയായ ടാന്‍ജന്‍ഷ്യ കേരളത്തിലെ സൈക്ലോയിഡ്‌സ് ടെക്‌നോളജീസും കാനഡയിലെ സൈക്ലോയിഡ്‌സ് ഐഎന്‍സിയും ഏറ്റെടുക്കാന്‍ ധാരണയില്‍ ഒപ്പുവച്ചു. സൈക്ലോയിഡ്‌സ് കൂടി എത്തുന്നതോടെ ഓഫ്-ഷോര്‍ ഉല്‍പ്പന്ന വികസനത്തിനും ക്ലയന്റ് ഡെലിവറി സെന്ററുകള്‍ക്കുമായി പുതിയ കഴിവുകള്‍ നേടിക്കൊണ്ട് പുതിയ ആശയങ്ങള്‍ അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമാക്കുകയും ടാന്‍ജന്‍ഷ്യ ടീമിന് ഇരട്ടി കരുത്തേകുകയും ചെയ്യും.
ആഗോള ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കാന്‍ മാത്രമല്ല, ഇന്ത്യയിലെ വളരുന്ന ഉപഭോക്താക്കളുടെ അടിത്തറയെ പിന്തുണയ്ക്കാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിക്ഷേപിക്കാനും വിപുലീകരിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടാന്‍ജന്‍ഷ്യ സിഇഒ വിജയ് തോമസ് പറഞ്ഞു. പുതിയതായി സംയോജിക്കുന്ന കരുത്തിനൊപ്പം ആഗോള തലത്തില്‍ 100ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതിയുണ്ട്. ബിഎംഡബ്ല്യു കാനഡ, ട്യൂണ്‍ പ്രൊട്ടക്റ്റ് (എയര്‍ ഏഷ്യ സംരംഭം), ഹോസ്പിറ്റല്‍ കോര്‍പറേഷന്‍ ഓഫ് അമേരിക്ക തുടങ്ങിയ സ്ഥാപനങ്ങളുമായി കരാര്‍ ഉള്ള കേരളം കേന്ദ്രീകരിച്ചുള്ള ആദ്യ ഐടി കമ്പനിയാണ് സൈക്ലോയിഡ്‌സ്. എച്ച്‌സിഎയുടെ ലോകത്തെ ആദ്യ മൊബൈല്‍ ഹാര്‍ട്ട്ബീറ്റ് ഡെവലപ്‌മെന്റ് സെന്റര്‍ സൃഷ്ടിച്ചത് സൈക്ലോയിഡ്‌സാണ്. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, സിടിഎസ്, ഹിറ്റാച്ചി എന്നിവരുടെ കരാറുകള്‍ നേടുകയും ചെയ്തു.